പഠന രംഗത്തു പുതിയ മാറ്റങ്ങളും പുതിയ പഠനവഴികളും വന്നു കൊണ്ടിരിക്കുന്നു. ശാസ്ത്രരംഗത്തും എൻജിനീയറിങ്, മെഡിസിൻ തുടങ്ങിയ മേഖലകളിലും നൂതന കോഴ്സുകളും തൊഴിലവസരങ്ങളും ഉടലെടുക്കുന്നു. മാത്രമല്ല, ഹ്യുമാനിറ്റീസ്, കൊമേഴ്സ്, മാനേജ്മെന്റ്, നിയമം, ആർട്സ് തുടങ്ങിയ മേഖലകളിലും പുതിയ പഠനവഴികൾ തുറന്നുവരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഉപരിപഠന വഴികൾ കണ്ടെത്തേണ്ടത്. അഭിരുചിയുള്ള വിഷയം മികച്ച സ്ഥാപനത്തിൽ പഠിക്കുന്നതിനാകണം മുൻഗണന.
എങ്ങനെ തിരഞ്ഞെടുക്കും ?
ഉപരിപഠനത്തിനൊരുങ്ങുന്ന ഒരു വിദ്യാർഥിയെ അമ്പരപ്പിക്കുക കോഴ്സുകളുടെ വൈവിധ്യമാണ്. സ്വന്തം താൽപര്യങ്ങളും കഴിവും തൊഴിൽലക്ഷ്യങ്ങളും വിശകലനം ചെയ്തു പഠനമേഖല നിശ്ചയിക്കണമെന്നു സൂചിപ്പിച്ചല്ലോ. ചേരാനുദ്ദേശിക്കുന്ന കോഴ്സിന്റെ ഉള്ളടക്കം, ലക്ഷ്യം, തുടർപഠന സാധ്യത, തൊഴിൽ സാധ്യത എന്നിവയെല്ലാം പരിശോധിക്കണം.
കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങളുമുണ്ട്. ട്രെൻഡി എന്നു കരുതപ്പെടുന്ന പല കോഴ്സുകളും അവസരങ്ങൾ നൽകിക്കൊള്ളണമെന്നില്ല. ബയോടെക്നോളജി, ബയോ ഇൻഫർമാറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റൊബോട്ടിക്സ്, എയ്റോസ്പേസ് എനജിനീയറിങ് തുടങ്ങിയ പ്രോഗ്രാമുകൾ മികച്ച സ്ഥാപനങ്ങളിൽനിന്നേ പഠിക്കാവൂ. ന്യൂ ജനറേഷൻ പ്രോഗ്രാമുകളെല്ലാം മികച്ച തൊഴിലവസരങ്ങൾ നൽകണമെന്നില്ല. ക്യാംപസിന്റെ ലൊക്കേഷനും പ്രധാനം. തൊഴിൽ സ്ഥാപനങ്ങളുമായി ഇടപഴകാനുള്ള എളുപ്പം, പ്ലേസ്മെന്റ് സാധ്യതകൾ എന്നിവയ്ക്കു വലിയ പ്രാധാന്യമുണ്ട്.
അക്കാദമിക മികവ് മാത്രം പോരാ
അക്കാദമിക മികവിനുമപ്പുറത്ത് മറ്റു ചില ശേഷികൾ കൂടി ആവശ്യപ്പെടുന്നവയാകും ചില മേഖലകൾ. ആശയവിനിമയ ശേഷിയും പ്രശ്നപരിഹാരശേഷിയും സാങ്കേതിക വിഷയങ്ങളിലെ താൽപര്യവും കഠിനാധ്വാനവും സമർപ്പണമനോഭാവവും പ്രധാനമാണ്. യോഗ്യതാ പരീക്ഷകളിലെ മാർക്ക് ഇത്തരം ശേഷികളെ പ്രതിഫലിപ്പിക്കുന്നില്ല. ഗണിതപരവും യുക്തിപരവും ഭാഷാപരവുമായ ശേഷികളെയാണ് പരീക്ഷയിലെ പ്രകടനങ്ങൾ വെളിപ്പെടുത്തുന്നത്.
അവയ്ക്കുമപ്പുറത്ത് വ്യക്ത്യാന്തരം (interpersonal), ശരീര – ചാലകം ( bodily – kinesthetic), സംഗീതപരം (musical), പ്രകൃതിപരം (naturalistic), ദൃശ്യപരം (visual), സ്ഥലപരം (spatial), ധാർമികം (moral), വൈകാരികം (emotional) എന്നിങ്ങനെ ബുദ്ധിക്കു വിവിധ തലങ്ങളുണ്ടെന്നു മനശ്ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നുണ്ട്. പല തൊഴിൽ മേഖലകളിലും ഇവയിൽ പലതും അത്യാവശ്യമാകുകയും ചെയ്യും.
അവസരം എല്ലാ മേഖലയിലും
പരമ്പരാഗത കോഴ്സുകൾ കാലഹരണപ്പെട്ടെന്നു കരുതുന്നവരുണ്ട്. എൻജിനീയറിങ്ങിലും ശാസ്ത്ര-മാനവിക വിഷയങ്ങളിലും പുതുമ തേടുന്നവരേറെ. പക്ഷേ, സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കെമിക്കൽ, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് എന്നീ എൻജിനീയറിങ് ശാഖകളും ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്‌സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ അടിസ്ഥാന ശാസ്ത്ര വിഷയങ്ങളും സോഷ്യോളജി, ചരിത്രം, ഇംഗ്ലിഷ്, പൊളിറ്റിക്സ് (പട്ടിക ഇനിയും നീട്ടാം) തുടങ്ങിയ മാനവിക വിഷയങ്ങളും നിത്യഹരിതമാണ്. മികച്ച സ്ഥാപനങ്ങളിൽനിന്നു നല്ല നിലയിൽ പഠനം പൂർത്തിയാക്കുന്നവർക്ക് അവസരങ്ങൾ കുറവില്ല.
ഈ വിഷയങ്ങളിൽ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങളും ഇന്ന് ഇന്ത്യയിൽ ലഭ്യം. ഉദാഹരണത്തിന്, എൻജിനീയറിങ്ങിന് ഐഐടികൾ, എൻഐടികൾ, ഐഐഐടികൾ, ശാസ്ത്ര പഠനത്തിന് ഐഐഎസ്‌സി, ഐസർ, നൈസർ, മാനവിക വിഷയങ്ങൾക്ക് ജെഎൻയു, ഡൽഹി സർവകലാശാല, ഇഫ്ലു, ടിസ്സ്, നിയമപഠനത്തിനു ദേശീയ നിയമ സർവകലാശാലകൾ, ഡിസൈൻ പഠനത്തിന് എൻഐഡിയും ഐഐടികളും, ഫാഷൻ ടെക്നോളജിക്കു നിഫ്റ്റ്, ഹോട്ടൽ മാനേജ്മെന്റ് പഠനത്തിന് ഐഎച്ച്എം തുടങ്ങി ഓരോ മേഖലയിലും മികവിന്റെ കേന്ദ്രങ്ങളുണ്ട്.
കൃത്യമായ തയാറെടുപ്പോടെ ഇത്തരം സ്ഥാപനങ്ങളിലെ പ്രവേശനത്തിനൊരുങ്ങണം. മെഡിസിൻ, എൻജിനീയറിങ് എൻട്രൻസുകളൊഴികെ ഏതാണ്ട് എല്ലാ പ്രവേശനപരീക്ഷകളിലും മാത്‌സും പൊതുവിജ്ഞാനവും ഇംഗ്ലിഷും ചേരാനാഗ്രഹിക്കുന്ന വിഷയത്തിലെ അഭിരുചിയും പരിശോധിക്കുന്ന ചോദ്യങ്ങളുണ്ടാകും.
ഇതാ ഒരു ചെക്‌ലിസ്റ്റ്
ഏറ്റവും മികച്ച ലക്ഷ്യങ്ങൾ തന്നെ മുന്നിൽ കാണുന്നവർക്കേ ഏറ്റവും മികച്ചവ നേടാനാകൂ. ലക്ഷ്യങ്ങൾ നിശ്ചയിക്കും മുൻപു സ്വയം ചോദിക്കൂ:
എന്തുകൊണ്ട് ?
എന്റെ യഥാർഥ താൽപര്യങ്ങൾ എന്തെല്ലാം ?
എവിടെ പഠിക്കണം, എങ്ങനെ ഒരുങ്ങണം ?
പ്രസക്തമായ മറ്റു ചില കാര്യങ്ങൾ കൂടി ഓർത്തുവയ്ക്കുക:
തിരഞ്ഞെടുക്കുന്ന കോഴ്സ് നമുക്കിണങ്ങുമോ ? തൊഴിൽസാധ്യതകൾ എത്രമാത്രം ?
ഏതൊക്കെയാണ് മികച്ച പഠനകേന്ദ്രങ്ങൾ ?
എങ്ങനെ ചേരാം ?
അധ്യാപകർ പരിചയസമ്പന്നരാണോ?
പഠനച്ചെലവുകൾ എത്രമാത്രം ?
ലക്ഷ്യങ്ങൾ പ്രധാനമാണ്. ആസൂത്രണം കൂടുതൽ പ്രധാനം. മികച്ചതു സ്വപ്നം കാണൂ; അതിനുവേണ്ടി ശ്രമിക്കൂ.
കടപ്പാട് : manoramaonline.com