അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് വീട്ടിലിരുന്ന് ഡിജിറ്റൽ മേഖലയിൽ ജോലി ചെയ്യാൻ അവസരമൊരുക്കി സംസ്ഥാന സർക്കാരിന്റെ കെ–ഡിസ്ക്. കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലാണ് (കെ–ഡിസ്ക്) കേരളത്തിലെ തൊഴിലന്വേഷകരെയും ലോകത്തിന്റെ വിവിധ കോണുകളിലെ തൊഴിൽ ദാതാക്കളെയും ബന്ധിപ്പിക്കുന്ന ‘ഡിജിറ്റൽ വർക്‌ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം കേരള’ സജ്ജമാക്കിയത്. ഇതിനുള്ള വെബ്സൈറ്റ് രൂപപ്പെടുത്തിയത് കേരള ഡിജിറ്റൽ സർവകലാശാലയും.
ഇരൂനൂറ്റിനാൽപതോളം രാജ്യങ്ങളിൽ പ്രാതിനിധ്യമുള്ള കമ്പനി ലോകത്തെ ഒട്ടേറെ മുൻനിര സ്ഥാപനങ്ങളിലേക്ക് ഉദ്യോഗാർഥികളെ എത്തിക്കാൻ സഹായിക്കും. 3500 പേരിലേറെ ഇതിനകം റജിസ്ട്രേഷൻ പൂർത്തിയാക്കി. റജിസ്ട്രർ ചെയ്യുന്നവർക്ക് നൈപുണ്യ പരിശീലനവും നൽകും.
‘ഡിജിറ്റൽ വർക്ക്‌ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം കേരള’ വഴി 32 പേർക്കാണ് ഇതിനകം തൊഴിൽ ലഭിച്ചത്. റോബട്ടിക് പ്രോസസ്സ് ഓട്ടമേഷൻ, സോഫ്റ്റ്‌വെയർ ടെസ്റ്റിങ്, ഡേറ്റ സയൻസ് എന്നീ മേഖലകളിലാണു ജോലി ലഭിച്ചതെന്നു മന്ത്രി തോമസ് ഐസക് അറിയിച്ചു. ആയിരത്തിലധികം പേർക്ക് തൊഴിൽ നൽകാൻ ഇന്ത്യയിൽ പ്രവർത്തിക്കുന്ന പ്രമുഖ ബഹുരാഷ്ട്ര കമ്പനി തയാറായി വന്നിട്ടുണ്ട്. എന്നാൽ, നിലവിൽ അംഗത്വമെടുത്തിട്ടുള്ളവരുടെ വിവരങ്ങൾ പരിശോധിക്കുമ്പോൾ ഇവരുടെ ആവശ്യം നിറവേറ്റുവാനുള്ളത്രയും ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടില്ല എന്നാണ് മനസ്സിലാകുന്നതെന്നും മന്ത്രി പറഞ്ഞു.
ഇത്തരത്തിൽ ജോലി ചെയ്യാൻ താൽപര്യമുണ്ടെങ്കിൽ അഭ്യസ്തവിദ്യരായ മുഴുവൻ പേർക്കും ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. https://knowledgemission.kerala.gov.in/ എന്ന ലിങ്കിൽ കയറി ഇ-മെയിൽ ഐഡി കൊടുത്തു രജിസ്റ്റർ ചെയ്‌താൽ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് ഓതറൈസ് ചെയ്‌താൽ ബയോഡേറ്റ അപ്‌ലോഡ് ചെയ്യാം.